എരുമപ്പെട്ടി: എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കടങ്ങോട് മനപ്പടി, തെക്കുമുറി എന്നിവിടങ്ങളിലും എരുമപ്പെട്ടി തിപ്പല്ലൂരിലുമായി ആറു വയസുകാരൻ ഉൾപ്പടെ ഏഴുപേർക്കു കടിയേറ്റു. എരുമപ്പെട്ടി തിപ്പല്ലൂർ തച്ചാട്ടിരി മനോജിന്റെ മകൾ അധിരിത(13), കാണിപ്പയ്യൂർ സ്വദേശി അന്പലത്തിങ്കൽ ബാബുരാജിന്റെ മകൻ ആദിദേവ്(6), കടങ്ങോട് മണ്ടംപറന്പ് ചുള്ളിവളപ്പിൽ ബാലൻ, മനപ്പടി പൂവ്വത്തിങ്കൽ അനിലൻ, തെക്കുമുറി സ്വദേശികളായ പി.ടി. സുരേന്ദ്രൻ, ചന്ദ്രൻനായർ, സുവർണ എന്നിവർക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെ കടങ്ങോട് പഞ്ചായത്തിൽനിന്നാണു നായയുടെ ആക്രമണം ആരംഭിച്ചത്.
കുട്ടികളായ അധിരിതയ്ക്കും ആദിദേവിനും വീടിന്റെ പരിസരത്തു കളിക്കുന്പോഴാണ് നായയുടെ കടിയേറ്റത്. മറ്റുള്ളവർക്കു റോഡരികിൽവച്ചുമാണ് കടിയേറ്റത്. പരിക്കേറ്റ ഏഴുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് പഞ്ചായത്തംഗം കെ. ഗോവിന്ദൻകുട്ടി പറഞ്ഞു. രണ്ടുമാസംമുന്പ് വെള്ളറക്കാട് കൊല്ലൻപടിയിൽ പേവിഷബാധയുള്ള തെരുവുനായയുടെ ആക്രമണത്തിൽ കാർത്യായനിയെന്ന വയോധിക കൊല്ലപ്പെട്ടിരുന്നു.